ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി മലിവാൾ പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വീട്ടിന് പുറത്തേക്ക് വരുന്ന സ്വാതിയുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. കെജ്രിവാളിന്‍റെ പി.എ തന്നെ മർദിച്ചുവെന്ന് സ്വാതി പരാതിയുന്നയിച്ച മേയ് 13ലെ ദൃശ്യങ്ങളാണിത്.
സ്വാതി മലിവാളിന്‍റെ ആരോപണങ്ങൾക്ക് പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുമെന്ന് എ.എ.പി എക്സ് പോസ്റ്റിൽ പറഞ്ഞു.അരവിന്ദ് കെജ്രിവാളിനെ കുടുക്കുക ലക്ഷ്യമിട്ട് ബി.ജെ.പിയുടെ തിരക്കഥക്കനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എ.എ.പി മന്ത്രി അതിഷി മർലേന ആരോപിച്ചു. സ്വാതി മലിവാൾ അതിന്‍റെ ഒരു മുഖം മാത്രം. കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്നാണ് ഗൂഢാലോചന നടക്കുന്നതെന്നും അവർ ആരോപിച്ചു.അതേസമയം, കെജ്രിവാളിന്റെ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നുവെന്ന് എ.എ.പി രാജ്യസഭ എം.പി കൂടിയായ സ്വാതി മലിവാൾ ആരോപിച്ചു.
സ്വാതി മലിവാളിനെ മർദിച്ചുവെന്ന കേസിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് ബൈഭവിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തുവെന്നായിരുന്നു സ്വാതിയുടെ മൊഴി.
എന്നാൽ, സ്വാതി കെജ്രിവാളിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കെജ്രിവാൾ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വീട്ടിലില്ലാത്തതിനാൽ ബൈഭവ് കുമാറിനെ പ്രതിയാക്കുകയായിരുന്നുവെന്നും എ.എ.പി വാദിച്ചിരുന്നു. തന്നെ സ്വാതി മലിവാൾ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച് ബൈഭവും പരാതി നൽകിയിട്ടുണ്ട്.