ജനിച്ച ഉടനെ തന്നെ പിരിയേണ്ടി വരുന്ന മക്കളെയും അമ്മയേയും അച്ഛനേയും ഒക്കെ കുറിച്ച് നാം കേൾക്കാറുണ്ട്. അതുപോലെ ജനിച്ച ഉടനെ തന്നെ നഷ്ടപ്പെട്ടു പോയ ഒരു മകളെ 42 വർഷത്തിന് ശേഷം അച്ഛൻ കണ്ടുമുട്ടിയിരിക്കയാണ്. അച്ഛന് അയാളുടെ 60 -കളിലാണ് പ്രായം. 19 -മാത്തെ വയസിൽ ഇയാളും ഒരു സ്ത്രീയും തമ്മിൽ ബന്ധത്തിലായിരുന്നു. അങ്ങനെ സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകി. തീരെ പ്രതീക്ഷിക്കാതെയായിരുന്നു സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. അതേ തുടർന്ന് അവർക്ക് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അങ്ങനെ അന്ന് വേറെ വഴി ഇല്ലാതെ കുഞ്ഞിനെ ദത്ത് നൽകി.
ഇക്കാര്യം അയാൾ ആരോടും പറഞ്ഞതുമില്ല. എങ്കിലും അയാൾ എപ്പോഴും ആ കുഞ്ഞിനെ കുറിച്ച് ഓർത്തിരുന്നു. അങ്ങനെ അയാളുടെ കുടുംബത്തിലെ ഒരാൾ ഒരിക്കൽ ഡിഎൻഎ ടെസ്റ്റ് നടത്തി. ആ സമയത്ത് തങ്ങളുടെ ഫാമിലി ട്രീയിൽ തീരെ പ്രതീക്ഷിക്കാത്ത, അപരിചിതയായ ഒരാളെ കണ്ടെത്തുകയായിരുന്നു. അങ്ങനെ അയാൾ 60 -കാരനോട് നിങ്ങൾക്ക് രഹസ്യമായി ഒരു മകളുണ്ടോ എന്ന് അന്വേഷിച്ചു. അതോടെയാണ് എല്ലാവരും സത്യം അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം റെഡ്ഡിറ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത് ഇയാളുടെ മകളുടെ ഭർത്താവ് തന്നെയാണ്.
ഏതായാലും ഡിഎൻഎ ടെസ്റ്റിലൂടെ മകളെ കണ്ടെത്തുമ്പോഴേക്കും അവൾ ഒരു ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു എന്ന് റെഡ്ഡിറ്റിൽ അനുഭവം കുറിച്ചയാൾ എഴുതുന്നു. ഏതായാലും ഈ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. എത്ര മനോഹരമായ അനുഭവമാണ്, ഒടുവിൽ അദ്ദേഹത്തിന് സ്വന്തം മകളെ കണ്ടെത്താൻ സാധിച്ചല്ലോ തുടങ്ങിയ കമന്റുകളാണ് മിക്കവരും നൽകിയിരിക്കുന്നത്. മിററാണ് ഈ കഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.