കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കവർന്ന ആരോഗ്യവകുപ്പിന്റെ ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലാണ് ജീപ്പ് കണ്ടെത്തിയത്. ജീപ്പിനകത്ത് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസിലെ ലക്ചറർ തിയേറ്റർ കോംപ്ലക്സിൽ നിർത്തിയിട്ടിരുന്ന ജീപ്പാണ് കാണാതായത്.
തിങ്കളാഴ്ച പുലർച്ചെ ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ജീപ്പിന്റെ രണ്ട് ഡോറുകളിലെ ചില്ലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. പൂട്ട് പൊളിച്ച നിലയിലാണുള്ളത്. ജീപ്പിനകത്ത് രക്തക്കറയും കണ്ടെത്തി. പൂട്ട് പൊളിക്കുന്നതിനിടെ കൈയിൽ മുറിവുണ്ടായതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർച്ചയായി ജീപ്പിൻ്റെ ഹോൺ ശബ്ദം കേട്ട നാട്ടുകാരാണ് ജീപ്പ് കണ്ടെത്തിയത്.
ജീപ്പിൽ നിന്നിറങ്ങി രണ്ടുപേർ പോകുന്നതും നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവരം അറിയിക്കുമ്പോഴാണ് ജീപ്പ് കവർച്ച നടത്തിയ വിവരം അധികൃതർ അറിയുന്നത്. ജീപ്പിൽ രക്തക്കറ കണ്ടെത്തിയതോടെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.