തിരുവനന്തപുരം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് റൈസി’ന് ബദലായി കേരള സർക്കാറിന്റെ ‘ശബരി കെ-റൈസ്’ മാർച്ച് 12ന് വിതരണം തുടങ്ങും. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. ജയ അരി കിലോ 29 രൂപ നിരക്കിലും മട്ട, കുറുവ അരി 30 രൂപ നിരക്കിലുമായിരിക്കും നൽകുക.
ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക. തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയും. റേഷന്‍ കാര്‍ഡ് ഒന്നിന് മാസം അഞ്ചുകിലോ അരിയുടെ പാക്കറ്റ് നല്‍കും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശബരി കെ-റൈസ് വിതരണത്തിന് എത്തിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
അരി വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. സപ്ലൈകോ സബ്സിഡിയായി നല്കി വന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് ശബരി കെ-റൈസ് എന്ന പേരിൽ നൽകുക. ശേഷിക്കുന്ന അഞ്ച് കിലോ മറ്റ് അരിയാവും നൽകുക. ‘സപ്ലൈകോ’ എന്ന് രേഖപ്പെടുത്തിയ തുണി സഞ്ചിയിലാണ് അരി വിതരണം. തുണി സഞ്ചിക്കായുള്ള ആകെ ചെലവ് 10 ലക്ഷം രൂപയിൽ താഴെയാണ്. 13-14 രൂപയായിരിക്കും സഞ്ചിയുടെ പരമാവധി വില.