കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസി അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും.സ്വര്‍ണ്ണക്കടത്ത് കാരിയറായിരുന്ന അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ സ്വര്‍ണ്ണക്കടത്തുസംഘം തട്ടിക്കൊണ്ട്പോയി മര്‍ദിച്ച് മൃതപ്രായനാക്കി ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മുഖ്യ ആസൂത്രകന്‍ യഹിയ ഉള്‍പ്പടെ 13 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ മെയ് 15 ന് ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ ആക്കപ്പറമ്പ് സ്വദേശി യഹിയയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട്പോവുകയായിരുന്നു.
യഹിയയുടെ പങ്കാളികള്‍ ജലീലിന്‍റെ പക്കല്‍ കൊടുത്തയച്ച സ്വര്‍ണ്ണം കിട്ടിയില്ലെന്ന കാരണത്താല്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കേസ്. പലയിടങ്ങളിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. മരണാസന്നനായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് യഹിയ മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മെയ് 19 നാണ് ജലീല്‍ മരിക്കുന്നത്.
കേസില്‍ 16 പ്രതികളാണ് ഉള്ളത്. മൂന്നു പ്രതികള്‍ വിദേശത്തേക്ക് കടന്നു. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിടിയിലായവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കുറ്റപത്രം മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
സ്വര്‍ണ്ണക്കടത്താണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളെല്ലാം ലഭിച്ചിട്ടുണെന്ന് അന്വേഷണസംഘം പറഞ്ഞു. സ്വര്‍ണ്ണം കൊടുത്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ ജലീലിന്റെ ബാഗും മറ്റ് വസ്തുക്കളും കണ്ടെടുത്തെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കേസിന്‍റെ പ്രധാന്യം പരിഗണിച്ച് രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിക്കുക. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ പേരില്‍ ഒരു കുറ്റപത്രവും ഗൂഡാലോചനയില്‍ പങ്കെടുത്തവരുടേയും സഹായം നല്‍കിയവരുടേയും പേരില്‍ മറ്റൊരു കുറ്റപത്രവും സമര്‍പ്പിക്കും.