ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രിംകോടതിയിൽ വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഹരജികൾ വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.16 ദിവസം നീണ്ട വാദമാണ് ചൊവ്വാഴ്ച അവസാനിച്ചത്. ആഗസ്റ്റ് രണ്ടിനാണ് ഹരജികളിൽ വാദം തുടങ്ങിയത്. മൂന്ന് വർഷത്തിലേറെയായി നിശ്ചലമായ സുപ്രധാന കേസിൽ, ഹരജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും വിശദമായ വാദമാണ് കോടതി കേട്ടത്. ഇരുഭാഗത്തുനിന്നും വിപുലമായ വാദങ്ങൾക്കും ചർച്ചകൾക്കും സുപ്രീംകോടതി സാക്ഷ്യം വഹിച്ചു.
വാദത്തിനിടെ, ഹരജിക്കാരുടെ അഭിഭാഷകർ ജമ്മു കാശ്മീരും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കൂടാതെ, മുൻ ജമ്മു കശ്മീർ മഹാരാജാവ് അതിന്റെ ആഭ്യന്തര പരമാധികാരം ഇന്ത്യയുടെ ആധിപത്യത്തിന് എങ്ങനെ വിട്ടുകൊടുത്തില്ല എന്നതിനെക്കുറിച്ചും ഓർമിപ്പിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മു കശ്മീർ ജനതയുടെ ‘മാനസിക ദ്വന്ദ്വത’ പരിഹരിച്ചുവെന്നാണ് സർക്കാരിനായി ഉയർന്ന വാദം. ഭരണഘടനനിർമാതാക്കൾ ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയായി മാത്രമാണ് കണക്കാക്കിയതെന്നും അത് ഇല്ലാതാവാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും കേന്ദ്രം വാദിച്ചു.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, സഫർ ഷാ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ദിനേഷ് ദ്വിവേദി എന്നിവരാണ് ഹരജിക്കാർക്കുവേണ്ടി വാദിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് എന്നിവർ ഹാജരായി.ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി 2019 ആഗസ്ത് അഞ്ചിനാണ് റദ്ദാക്കിയത്. സംസ്ഥാന പദവി എടുത്ത കളഞ്ഞ ശേഷം ഈ മേഖലയെ ജമ്മു ആൻഡ് കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ജമ്മു കശ്മീർ പുനസംഘടന നിയമത്തെയും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.