ഗർഭഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണവും ഉദരത്തിൽ പേറി ലൂസിയാനയിൽ നിന്നുള്ള യുവതിക്ക് സഞ്ചരിക്കേണ്ടി വന്നത് 2250 കിലോമീറ്റർ ആണ്. ജനിച്ചാലും ജീവിക്കാൻ തീരെ സാധ്യതയില്ലാത്ത ഭ്രൂണവുമായി അലയേണ്ടി വന്നത് നാൻസി ഡേവിസ് എന്ന യുവതിക്കാണ്.
സംസ്ഥാനത്തിന്റെ ഗർഭഛിദ്ര നിരോധന നിയമം മൂലം ആണ് നാൻസിക്ക് അബോർഷൻ നടത്താൻ അനുമതി ലഭിക്കാതിരുന്നത്. കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമമനുസരിച്ച് അവർക്ക് അബോഷൻ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഇതേ തുടർന്ന് ആറാഴ്ച കാലത്തോളം രോഗാവസ്ഥയിലുള്ള ഭ്രൂണത്തെ നാൻസിക്ക് ഗർഭത്തിൽ വഹിക്കേണ്ടി വന്നു. പിന്നീട് കിലോമീറ്ററുകൾ സഞ്ചരിച്ച് ഗർഭഛിദ്രത്തിന് അനുമതിയുള്ള മാൻഹട്ടനിലെത്തിയാണ് യുവതിക്ക് അബോഷൻ ചെയ്യാൻ സാധിച്ചത്.
അക്രാനിയ എന്ന രോഗമായിരുന്നു ഗർഭാവസ്ഥയിൽ വെച്ച് തന്നെ ഭ്രൂണത്തിന് സ്ഥിരീകരിച്ചത്. ഗർഭം ധരിച്ച് പത്താഴ്ച പിന്നിട്ടപ്പോഴാണ് ഈ രോഗം ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഗർഭാവസ്ഥയിൽ ഭ്രൂണത്തിന് തലയോട്ടി രൂപപ്പെടാതിരിക്കുകയും ഇതിൻറെ ഫലമായി തലച്ചോറ് നശിക്കുകയും ചെയ്യുന്ന രോഗമാണ് അക്രാനിയ. ഈ രോഗം സ്ഥിരീകരിച്ച ഭ്രൂണം ജനിച്ചാൽ മണിക്കൂറുകൾ മാത്രമേ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂ.
നാൻസിയുടെ നാലാമത്തെ കുട്ടിയാണിത്. ഗർഭവസ്ഥയിൽ താൻ ഒരുപാട് മാനസിക സമ്മർദ്ദം സഹിച്ചുവെന്നും ജനിച്ചാലും തനിക്ക് കിട്ടില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പ് പറഞ്ഞ കുഞ്ഞിനെയും വഹിച്ചാണ് താൻ ഇത്രയും കാലം നടന്നതെന്നും അബോർഷന് ശേഷം നാൻസി പറഞ്ഞു.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഈ നിയമം നാൻസിയെ പോലെയുള്ള അനേകം യുവതികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് നാൻസിയുടെ അഭിഭാഷകൻ പറഞ്ഞു. കുഞ്ഞിനെ നിർബന്ധമായും ഉദരത്തിൽ ചുമന്ന് പിന്നീട് അതിൻറെ ശവസംസ്കാരം നടത്തേണ്ടി വരുന്ന അവസ്ഥയിലേക്ക് ഒരു യുവതിയെയും തള്ളി വിടരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.