ദില്ലി: ബ്രിഗേഡിയര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലേക്ക് ഒരേ യൂണിഫോമെന്ന മാറ്റത്തിന് പിന്നാലെ നിര്‍ണായക തീരുമാനവുമായി ഇന്ത്യന്‍ സേന. ഇന്‍റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡ് രീപീകരിക്കുന്നതിന്‍റെ ഭാഗമായി കര, നാവിക , വ്യോമ സോനയിലെ നൂറില്‍ അധികം ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് ഇതര സേനകളിലേക്ക് നിയമനം നല്‍കുന്ന. ലോജിസ്റ്റിക്, ഏവിയേഷന്‍, ആര്‍ട്ടിലറി വിഭാഗങ്ങളില്‍ നിന്നുള്ള ജൂനിയര്‍ ഓഫീസര്‍മാര്‍ക്കാണ് സംയോജിത നിയമനം നല്‍കുക.
കരസേനയില് നിന്ന് മേജര്‍, ലെഫ്. കേണല്‍ ഉദ്യോഗസ്ഥരും, നാവിക സേനയില്‍ നിന്ന് ലെഫ്. കമാന്റേഴ്സും സ്ക്വാഡ്രന്‍ ലീഡേഴ്സ്, വിംഗ് കമാന്‍റേഴ്സ് എന്നീ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാവും ഇത്തരത്തില്‍ നിയമനം നല്‍കുക. ആദ്യ ബാച്ചില്‍ കരസേനയില്‍ നിന്ന് 40 ഉം, നാവിക സേനയില്‍ നിന്ന് 30ഉം, വ്യോമസേനയില്‍ നിന്ന് 30 ഉം ഉദ്യോഗസ്ഥര്‍ക്കാവും ഈ നിയമനം ലഭ്യമാവുക. നേരത്തെ കേണല്‍ പദവിയിലുള്ള രണ്ട് ഓഫീസര്‍മാര്‍ക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് രൂപീകരിക്കാനായി ഇത്തരത്തില്‍ നിയമനം നല്‍കിയിരുന്നു. സംയുക്ത സേന രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടിയായാണ് നീക്കത്തെ വിലയിരുത്തുന്നത്. പൊതുവായ സ്വഭാവമുള്ള ഏവിയേഷന്‍, എന്‍ജിനിയറിംഗ്, ലോജിസ്റ്റിക്, മിസൈല്‍സ്, എയര്‍ ഡിഫന്‍സ് എന്നീ മേഖലകളിലാവും ആദ്യം ഉദ്യോഗസ്ഥരെ സംയുക്ത സേനയുടെ ഭാഗമായി നിയമിക്കുക. മറ്റ് സേനകളിലെ സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നതിനും കൂടുതല്‍ വ്യക്തമായി മനസിലാക്കുന്നതിനുമാണ് ജൂനിയര്‍ ഓഫീസര്‍മാരെ ഇത്തരം നിയമനത്തിലേക്ക് തെരഞ്ഞെടുക്കുന്നതെന്നും സേനാവൃത്തങ്ങള്‍ വിശദമാക്കുന്നു.
യൂണിറ്റ് തലങ്ങളിലാവും ഇവര്‍ക്ക് നിയമനം നല്‍കുക. ഇന്‍റര്‍ സര്‍വ്വീസ് നിയമനങ്ങള്‍ സമാന സ്വഭാവമുള്ള മേഖലകളിലാവും നല്‍കുകയെന്ന് നാവിക സേനയും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ യുദ്ധ കപ്പലുകളില്‍ ഇത്തരം സോയോജിത നിയമനം സാധ്യമാവില്ലെന്നും നാവിക സേന വ്യക്തമാക്കി. ഇത്തരത്തില്‍ സംയുക്തമായ അഞ്ച് തിയറ്റര്‍ കമാന്‍ഡുകളാണ് പ്രധാനമന്ത്രി മോദി വിഭാവനം ചെയ്തിരിക്കുന്നത്. എയര്‍ ഡിഫന്‍സ് തിയേറ്റര്‍ കമാന്‍ഡ്, മാരിടൈം തിയേറ്റര്‍ കമാന്‍ഡ്, വെസ്റ്റേണ്‍ കമാന്‍ഡ്, ഈസ്റ്റേണ്‍ കമാന്‍ഡ്, നോര്‍ത്തേണ്‍ കമാന്‍ഡ്. ജമ്മു കശ്മീര്‍ ലഡാക്ക് മേഖല ഉള്‍പ്പെടുന്നതാണ് നോര്‍ത്തേണ്‍ കമാന്‍ഡ്. നിലവില്‍ മൂന്ന് സേനാ വിഭാഗങ്ങളിലുമായി 17 കമാന്ഡ് കരസേനയ്ക്കും 3 കമാന്‍ഡ് നാവിക സേനയ്ക്കും 7 കമാന്‍ഡ് വ്യോമ സേനയ്ക്കുമാണുള്ളത്.