സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ നിന്നും പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ഉടമ ഇലോൺ മസ്‌ക്. ഏകദേശം 3750 ഓളം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കാനാണ് പകുതിയോളം ജീവനക്കാരെ പുറത്താക്കിയത്.
പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ആദ്യ നാളുകളിൽ തന്നെ ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു. ജീവനക്കാർക്ക് പിരിച്ചു വിട്ടു എന്നറിയിച്ച് മെയിൽ അയച്ച് ഇരുപത്തിനാല് മണിക്കൂറിന് ശേഷം ഇതേ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തു.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് മസ്ക് ഏറ്റെടുത്തത്. ഫണ്ട് ശേഖരത്തിന്റെ ഭാഗമായി ടെസ്‌ലയുടെ ഓഹരികൾ മസ്കിന് വിൽക്കേണ്ടി വന്നിരുന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നതിലൂടെ ചെലവ് കുറയ്ക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. സബ്‌സ്‌ക്രിപ്‌ഷനിലൂടെ വരുമാനത്തിന്റെ ഭൂരിഭാഗം കണ്ടെത്താനും പദ്ധതിയുണ്ട്.
ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ഇനി മുതൽ പണം നൽകണം. അടുത്ത ആഴ്ച മുതൽ പണം ഈടാക്കിയേക്കും. വെരിഫൈഡ് അക്കൗണ്ടിങ്ങിന്റെ ബ്ലൂ ടിക്ക് ബാഡ്ജിനാണ് ട്വിറ്റർ പണം ഈടാക്കുക. പ്രതിമാസം 8 ടോയ്‍ലറാണ് നിരക്ക്.
മനുഷ്യത്വരഹിതമായ നടപടിയാണ് മസ്കിൽ നിന്നുണ്ടാകുന്നത് എന്ന് പിരിച്ചുവിട്ട തൊഴിലാളികൾ പ്രതികരിച്ചു. “ട്വിറ്ററിലെ എന്റെ ജോലി നഷ്ടപ്പെട്ടു എന്ന വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്. ഇതെന്റെ ഹൃദയം തകർക്കുന്നു” എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവയുടെ ട്വിറ്റർ പബ്ലിക് പോളിസി ഡയറക്ടർ മിഷേൽ ഓസ്റ്റിൻ പറഞ്ഞു.
ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സിഇഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകി തെന്നെ കബളിപ്പിച്ചവരെയാണ് പുറത്താക്കിയത് എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.