റിയാദ്: എൻജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എൻജിനീയർമാർ കർശനമായി പാലിക്കണമെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജി. സ്വാലിഹ് അൽ ഉമർ പറഞ്ഞു. പ്രഫഷനൽ അക്രഡിറ്റേഷനോ മതിയായ യോഗ്യതകളോ ഇല്ലാതെ എൻജിനീയറായി ജോലി ചെയ്ത 34 പേരെ പിടികൂടിയ വിവരം അറിയിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യവ്യാപകമായി കൗൺസിലിെൻറ നിരീക്ഷണം തുടരുകയാണ്.
ഈ വർഷം ആയിരത്തോളം പരിശോധന സന്ദർശനങ്ങളാണ് നടത്തിയത്. ഓഫീസുകളും എൻജിനീയറിങ് കമ്പനികളും സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായതിൽ ഉൾപ്പെടും. 210 ആളുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ 400 ലധികം നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തി. 34 വ്യാജ എൻജിനീയർമാരെയാണ് പിടികൂടിയതെന്നും കൗൺസിൽ വക്താവ് പറഞ്ഞു. എൻജിനീയറിങ് ജോലി ചെയ്യുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സംവിധാനവും നിയമവും ലംഘിച്ചാൽ കർശന നടപടിയാണ്. യോഗ്യതയില്ലാതെ എൻജിനീയറായി ആൾമാറാട്ടം നടത്തുക, പ്രഫഷനൽ അക്രഡിറ്റേഷൻ ഇല്ലാതെ എൻജിനീയറിങ് ജോലി ചെയ്യുക, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ എൻജിനീയറിങ് ജോലികൾ ഏറ്റെടുത്ത് ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ സ്വദേശി പൗരന്മാരുടെയും വിദേശികളുടെയും പങ്ക് പ്രധാനമാണെന്ന് കൗൺസിൽ വക്താവ് ഊന്നിപ്പറഞ്ഞു. എൻജിനീയറിങ് ജോലികൾ ചെയ്യുന്നവർക്കുള്ള അടിസ്ഥാന ആവശ്യകതയാണ് പ്രഫഷനൽ അക്രഡിറ്റേഷൻ. കൗൺസിൽ അപേക്ഷിച്ചാണ് പ്രഫഷനൽ അക്രഡിറ്റേഷൻ നേടേണ്ടത്. അക്കാദമിക് സർട്ടിഫിക്കറ്റിെൻറ ആധികാരികത പരിശോധിക്കുന്നത് ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകും. അന്തിമ അക്രഡിറ്റേഷന് മുമ്പായി വെരിഫിക്കേഷൻ നടപടിക്ക് വിധേയമാക്കും.
നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ ഒരു വർഷം വരെ തടവോ 10 ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. വ്യാജ വിവരം സമർപ്പിക്കുക അല്ലെങ്കിൽ ആൾമാറാട്ടം നടത്തുക എന്നിവ ലംലനങ്ങളിലുൾപ്പെടും. പ്രഫഷനൽ അക്രഡിറ്റേഷൻ ലഭിക്കാതെ എൻജിനീയറിങ് ജോലികൾ ചെയ്യുന്നതിനുള്ള പിഴ 10 ലക്ഷം റിയാൽ വരെയാണെന്നും കൗൺസിൽ സി.ഇ.ഒ പറഞ്ഞു.