പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരിൽ സ്ഥാപനങ്ങളിലെ വെള്ളം കുടി മുട്ടിച്ച് വാട്ടർ മീറ്റർ മോഷ്ടാവ്. കഴിഞ്ഞ ആറ് മാസത്തിനിടെ അൻപതോളം വാട്ടർ മീറ്ററുകളാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരത്തിലെ സിവിൽ സ്റ്റേഷൻ പരിസരം, കെഎസ്ആർടിസി സ്റ്റാൻഡ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് മീറ്റർ മോഷണം. പൈപ്പ് പൊളിച്ചാണ് മീറ്റർ മോഷ്ടിക്കുന്നത്.
നഗരസഭാ സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിൽ ഘടിപ്പിച്ചിരുന്ന മീറ്ററുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മീറ്ററിനകത്തെ പിച്ചളയ്ക്ക് വേണ്ടിയാണ് മോഷണം എന്നാണ് സംശയം. പുതിയ മീറ്റർ ഘടിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് വാട്ടർ അതോറിറ്റി ഓഫീസിൽ എത്തുന്നത്.
എന്നാല്‍ പുതിയ മീറ്റർ ഘടിപ്പിച്ചാലും, മോഷ്ടാവിനെ പിടികൂടിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം എന്നാണ് നാട്ടുകാരുടെ ചോദ്യം. നഗരത്തിൽ പല ഭാഗങ്ങളിലും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും മോഷ്ടാവ് ഇത് വരെ ക്യാമറയിൽ കുടുങ്ങിയിട്ടില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയതായി പെരുന്പാവൂർ പൊലീസ് വ്യക്തമാക്കി.
ഏപ്രില്‍ ആദ്യ വാരത്തില്‍ കോഴിക്കോട് ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയിരുന്നു. ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ ഐപി എസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം. വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു.
മോഷണ സംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്യുകയുമായിരുന്നു. കുട്ടികളെ ചോദ്യം ചെയ്തതിൽ പ്രധാനമായും സ്പ്ലെൻഡർ ബൈക്കുകളായിരുന്നു ഇവർ മോഷണം നടത്തിയിരുന്നത് എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു.