ന്യൂഡൽഹി ∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിഹിതമാണ് ഇത്തവണ ബജറ്റിൽ റെയിൽവേയ്ക്കു നീക്കിവച്ചത്– 2.41 ലക്ഷം കോടി രൂപ. പാതയിരട്ടിപ്പിക്കൽ അടക്കം അടിസ്ഥാന സൗകര്യ വികസനം, സ്റ്റേഷൻ വികസനം, വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയവയ്ക്കാവും മുൻഗണന. 180 കിലോമീറ്റർ വേഗമുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കിയെങ്കിലും ഓടിക്കാൻ അനുയോജ്യമായ പാതകൾ ഇല്ലെന്ന പ്രതിസന്ധിയുണ്ട്. ഇതിനാൽ പാത നവീകരണത്തിനാകും കൂടുതൽ തുക ചെലവഴിക്കുക.
വന്ദേഭാരത് ട്രെയിനുകൾക്കുശേഷം നഗരങ്ങൾക്കായി വന്ദേഭാരത് മെട്രോ ട്രെയിനും പുറത്തിറക്കും.
കൽക്കരി, വളം, ഭക്ഷ്യധാന്യം എന്നിവയ്ക്കുള്ള ലൈനുകൾക്കായി സ്വകാര്യ പദ്ധതികൾ നടപ്പാക്കും. സ്വകാര്യമേഖലയിൽ നിന്ന് 15,000 കോടി രൂപ അടക്കം 75,000 കോടി ഇതിനായി നീക്കിവയ്ക്കും. റവന്യൂചെലവ് 2,65,000 കോടി രൂപയാണു കണക്കാക്കുന്നത്. നടപ്പു സാമ്പത്തികവർഷത്തെ റെയിൽവേയുടെ പുതുക്കിയ ബജറ്റ് വിഹിതത്തെക്കാൾ (2,42,892.77 കോടി രൂപ) കൂടുതലാണിത്.
പാതയിരട്ടിപ്പിക്കലിനു 30,749.40 കോടി, റോളിങ് സ്റ്റോക്കിനു 37,581.കോടി, മേൽപാതകൾക്കു 7400 കോടി, വൈദ്യുതീകരണത്തിന് 8070 കോടി, ഹൈസ്പീഡ് റെയിൽ കോർപറേഷനു 4018 കോടി, ചരക്ക് ഇടനാഴിക്ക് 27,482 കോടി എന്നിങ്ങനെയാണു വിഹിതം.
റെയിൽവേ ബോർഡിലെ ഗതി ശക്തി വകുപ്പ് മാതൃകയിൽ വേഗത്തിൽ തീരുമാനമെടുക്കുന്ന സംവിധാനം സോണുകളിലും ഡിവിഷനുകളിലും വരുന്നതു ഡിവിഷൻ തല പദ്ധതികൾ വേഗത്തിലാക്കും.
സിഗ്നൽ, ട്രാക്ക് നവീകരണം, പാതയ്ക്കിരുവശവും വേലി സ്ഥാപിക്കൽ, പാലങ്ങൾ ബലപ്പെടുത്തൽ തുടങ്ങിയവയ്ക്കായി കൂടുതൽ പണം മാറ്റിവയ്ക്കും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പ്രഖ്യാപിച്ചിട്ടുണ്ട്. 200 ട്രെയിനുകളുടെ ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്. രാജധാനി ട്രെയിനുകൾക്കു പകരം ഇവ ഉപയോഗിക്കും.
നിലവിലുള്ള ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കു പുറമേ സോനിപട്ട് (ഹരിയാന), ലാത്തൂർ (മഹാരാഷ്ട്ര), റായ്ബറേലി (യുപി) എന്നിവിടങ്ങളിൽക്കൂടി വന്ദേഭാരത് കോച്ച് നിർമാണം ആരംഭിക്കും. അടുത്ത സാമ്പത്തികവർഷം അവസാനത്തോടെ 3 വന്ദേഭാരത് ട്രെയിനുകൾകൂടി ഓടിത്തുടങ്ങും. 2024–25 ൽ ആദ്യത്തെ വന്ദേഭാരത് മെട്രോ ട്രെയിൻ പുറത്തിറങ്ങും.
ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം
ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. ഏതെങ്കിലും ഹെറിറ്റേജ് സർക്യൂട്ടിലായിരിക്കും ആദ്യം ഓടിക്കുക. കൽക്ക–ഷിംല പാതയിലാകുമെന്നാണു സൂചന. സമ്പൂർണ വൈദ്യുതീകരണത്തിനു ശേഷം റെയിൽവേ ഭൂമിയിൽ അൾട്രാ മെഗാ സോളർ പദ്ധതികൾ നടപ്പാക്കും.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതാണിത്. ടൂറിസം മേഖലയിൽ 5 പുതിയ സർക്കീറ്റുൾ കൂടി വൈകാതെ പ്രഖ്യാപിക്കും.
നിർത്തലാക്കിയ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചു ബജറ്റിൽ പരാമർശമില്ല.