ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നു, വോട്ട് ചെയ്‌തില്ല എന്നീ വിവാദങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണംകാണിക്കല്‍ നോട്ടീസ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തന്നെ തഴഞ്ഞ് മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ജയന്ത് സിന്‍ഹ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു എന്ന പരാതിയുയര്‍ന്നിരുന്നു. പരാതിയിന്‍മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് രണ്ട് ദിവസത്തിനകം ജയന്ത് സിന്‍ഹ മറുപടി നല്‍കണം എന്നും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
‘ഹസാരിബാഗില്‍ മനീഷ് ജയ്‌സ്വാളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ സംഘടനാ സംവിധാനവുമായും തെരഞ്ഞെടുപ്പ് പ്രചാരണവുമായും ജയന്ത് സിന്‍ഹ സഹകരിച്ചില്ല. വോട്ട് ചെയ്യണം എന്ന് ജയന്തിന് തോന്നിപോലുമില്ല. നിങ്ങളുടെ മോശം പ്രവര്‍ത്തി കാരണം സംഘടനയ്ക്ക് നാണക്കേടുണ്ടായി’- എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആദിത്യ സാഹു, ജയന്തിന് നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനകം നോട്ടീന് ജയന്ത് സിന്‍ഹ മറുപടി നല്‍കണം. 61 കാരനായ ജയന്ത് ഇതുവരെ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടില്ല എന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്.