അബുദാബി : കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടംപിടിച്ചില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോഴും ആറാം ദിവസവും പിസിആർ ടെസ്റ്റ് എടുത്താൽ മതി. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്ചയിൽ ഒരിക്കലാണ് അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിക്കുന്നത്. ഗ്രീൻ പട്ടികയിൽ ഇല്ലെങ്കിലും ഇന്ത്യയിൽനിന്ന് വരുന്നവർക്ക് നിലവിൽ യുഎഇയിൽ ക്വാറന്റീൻ ഇല്ല.
യാത്രയ്ക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റും വിമാനത്താവളത്തിൽനിന്ന് 4 മണിക്കൂറിനകം എടുത്ത റാപ്പിഡ് ടെസ്റ്റ് നെഗറ്റീവ് ഫലവുമായി യുഎഇയിലെത്തിയാൽ എയർപോർട്ടിൽ പിസിആർ ടെസ്റ്റ് എടുക്കും. അതിൽ നെഗറ്റീവാകുന്നവർക്ക് സാധാരണ ജീവിതം തുടരാം. അബുദാബി താമസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കണം.