തിരുവനന്തപുരം: അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള കേരളസർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി യാത്രയിൽ നിന്ന് പിന്മാറി. ചീഫ് സെക്രട്ടറിയുടെ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക. അടുത്ത ബുധനാഴ്ച വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസാണ് നിക്ഷേപക സംഗമത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്ക് അനുമതി നിഷേധിച്ചത്. ഇതോടെയാണ് യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെ അബുദാബി നിക്ഷേപക സംഗമത്തിനെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. കേരളം അടക്കം ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതും കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നുവെന്നാണ് വിലയിരുത്തൽ.
അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, നിക്ഷേപക സംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിൽ കേരള സർക്കാരും ഉണ്ട്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാരാണ് സംഗമത്തിന് ഉള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുന്നത്. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.