അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയില്‍ മലയാളി അടക്കം മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍. യുഎഇയുടെ സുരക്ഷയില്‍ ഞങ്ങള്‍ക്ക് ഏറെ പ്രതിബദ്ധതയുണ്ട്, അവരുടെ പ്രദേശത്തിനു നേരെയുള്ള എല്ലാ ഭീഷണികളും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സാലിവന്‍ അറിയിച്ചു. യുഎയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മൊറോക്കോയിലെ മുഹമ്മദ് ആറാമന്‍ രാജാവ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചു. ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ അപലപിച്ച് അദ്ദേഹം യുഎഇ തുടര്‍ന്ന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇവര്‍ക്കു പിന്നാല ഫ്രാന്‍സ്, ഗ്രീസ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു.
യുഎഇ തലസ്ഥാനമായ അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും സ്‌ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പടെ 3 പേരാണ് മരിച്ചത്. 6 പേര്‍ക്ക് പരുക്കേറ്റു. മറ്റൊരാള്‍ പാക്കിസ്ഥാനിയും. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കര്‍ ജീവനക്കാരാണിവര്‍. ഇന്ത്യക്കാര്‍ മരിച്ച വിവരം എംബസി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുഎഇയുമായി ആശയവിനിമയം നടത്തിവരികയാണ്. പരുക്കേറ്റവരില്‍ 5 പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. ഹൂതി വിമതരുടെ ഭീകരാക്രമണമാണു നടന്നതെന്നും സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. ആക്രമണത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി.