ഹൈദരാബാദ് : ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി എബിവിപി. ഇന്നലെ രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ഡോക്യുമെന്‍ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു. നേരത്തെ ജെഎൻയുവിലെ വിദ്യാർഥികൾ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് അനുമതി നൽകില്ലെന്ന് സർവകലാശാല ഉത്തരവിടുകയായിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനം പാടില്ലെന്നും കാമ്പസിനുള്ളിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമായിരുന്നു സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ്. എന്നാലുത്തരവ് നടപ്പാകുമോയെന്ന് ഇന്നറിയാം.
അതേ സമയം വിവാദ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീം വിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.