പറ്റ്ന: ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്‌ത് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിന്‍റെ ബോഗി കാണാനില്ല. ബിഹാറിൽ ഗരീബ്‌രഥ് ക്ലോൺ എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ജി-17, ജി-18 എന്നീ എസി കോച്ചുകള്‍ ട്രെയിനിൽ ഉണ്ടായിരുന്നില്ല. ദില്ലിയിൽ നിന്ന് രണ്ട് കോച്ചുകൾ കുറച്ചാണ് ട്രെയിന്‍ അയച്ചതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
മുസഫർപൂരിൽ നിന്ന് ഓൾഡ് ഡൽഹിയിലേക്ക് പോകുന്ന 04043 ട്രെയിനാണിത്. ജി-17, ജി-18 കോച്ചുകളിൽ ടിക്കറ്റ് ലഭിച്ചവർ കോച്ച് തെരഞ്ഞ് നടക്കുന്നതിനിടെ ട്രെയിൻ വിട്ടു. പലരുടെയും യാത്ര മുടങ്ങി. ചിലരാകട്ടെ ജനറൽ കോച്ചിൽ സീറ്റില്ലാതെ യാത്ര ചെയ്തു.
സാങ്കേതിക കാരണങ്ങളാൽ രണ്ട് കോച്ചുകള്‍ കുറച്ചാണ് ഡൽഹിയിൽ നിന്ന് അയച്ചതെന്നാണ് സോണ്‍പൂർ റെയിൽവേ ഡിവിഷന്‍റെ വിശദീകരണം. ട്രെയിനിൽ വേറെ സീറ്റ് നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്ന് യാത്രക്കാർ പറയുന്നു. ഇന്ത്യൻ റെയിൽവേയെ ടാഗ് ചെയ്ത് യാത്രക്കാർ സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിച്ചു. പ്രായമായവരും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നവർ ഉണ്ടായിരുന്നുവെന്നും ഏറെ കഷ്ടപ്പെട്ടെന്നും യാത്രക്കാർ പറയുന്നു.