റാന്നി : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. അത്തിക്കയം മടന്തമൺ കക്കുഴിയിൽ മാത്യൂ കുരുവിള (തമ്പി)യുടെ മകൻ ഡിനു കുരുവിള ( 30 ) ആണ് മരിച്ചത്. റാന്നി- ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിൽ കംപ്യൂട്ടർ സെയിൽസ് സർവീസ് സ്ഥാപനം നടത്തിവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ആശുപത്രിപ്പടിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
ഡിനുവിനെ കൂടാതെ കാറിലുണ്ടായിരുന്ന റാന്നി കല്ലും പറമ്പിൽ കെ.എസ് ഷിനു (38), മന്ദമരുതി പനം തോട്ടത്തിൽ ജിബി ജോൺ ( 33 ), റാന്നി വരാപ്പുഴ ലിനു രാമചന്ദ്രപ്പണിക്കർ എന്നിവർക്കും പരിക്കേറ്റിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോയിട്ട് റാന്നിയിലേക്ക് മടങ്ങും വഴിയാണ് അപകടം. ഡിനുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. മാതാവ്: സാലമ്മ. സഹോദരൻ: ഡിലു കുരുവിള.