കോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടക്കുള്ളിലേക്ക് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കടക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഇന്ന് രാവിലെ 11:45നു പയ്യോളി പേരാമ്പ്ര റോഡില്‍ നെല്ല്യേരി മാണിക്കോത്താണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്നു വടകരയിലേക്ക് പോവുകയായിരുന്ന കെഎല്‍ 18 സി 5949 ബസ്സാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ രക്ഷിക്കാനായി മുന്‍പിലുള്ള ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ തൊട്ട് പുറകില്‍ അമിത വേഗതയില്‍ വരികയായിരുന്ന ബസ്സിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബസ്സ് തൊട്ടടുത്ത മത്സ്യ വില്പന കടയായ മീന്‍കടയിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
കടയില്‍ നിന്ന് മത്സ്യം വാങ്ങിയ ശേഷം തിരിച്ക് പോവാനായി ബൈക്കില്‍ ഇരുന്ന മണിയൂര്‍ കരുവാണ്ടിമൂക്ക് കണ്ണോത്ത് സനല്‍ (28), പിലാത്തോട്ടത്തില്‍ ബിനോയ് (28) എന്നിവര്‍ ബസ്സിനും മതിലിനും ഇടയില്‍പെട്ടു. അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയതോടെ കുടുങ്ങിക്കിടന്ന ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ഇരുവരും പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കടയില്‍ മത്സ്യം വാങ്ങാന്‍ എത്തിയ തച്ചന്‍കുന്ന് മെഹനാസില്‍ ഷാനിറ (38) നെ കാലിനേറ്റ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. ബസ്സിടിച്ച് കടയുടെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സ്കൂട്ടറുകള്‍ ഉള്‍പ്പെടെ അഞ്ച് ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. പയ്യോളി എസ്ഐ പിഎം. സുനില്‍കുമാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.