നാഗർകോവിൽ (തമിഴ്നാട്): കേപ്പ് റോഡിൽ വെള്ളിയാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. ഇടലാക്കുടി മാലിക്തീനാർ നഗറിൽ താമസിക്കുന്ന ഹോട്ടൽ ജീവനക്കാരനായ റിയാസ്ഖാൻ (24), തമ്മത്തുകോണം സ്വദേശി വെൽഡിങ് തൊഴിലാളിയായ ഡാനിയൽ (20) എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കളായ ഇവർ വീട്ടിലേയ്ക്ക് മടങ്ങാനായി സംഭവദിവസം രാത്രി ബൈക്കിൽ നാഗരാജ ക്ഷേത്ര റോഡിൽ ഹെഡ് പോസ്റ്റാഫിസിന് സമീപം വഴി കേപ്പ് റോഡിൽ കയറുന്നതിനിടയിലാണ് വാഹനം ഇടിച്ചത്. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി.
റിയാസ് ഖാൻ സംഭവസ്ഥലത്തും ഡാനിയൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. വിവരം അറിഞ്ഞെത്തിയ ട്രാഫിക് പൊലീസാണ് അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളജിൽ എത്തിച്ചത്. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.












