റിയാദ്: സൗദി അറേബ്യയിലെ തായിഫിലുള്ള അൽ ഹദയിൽ മലയുടെ മുകളിൽ നിന്നും താഴേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. സിവിൽ ഡിഫൻസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ഇതോടെ സ്ഥീരീകരിക്കുകയും ചെയ്‍തു.
അപകടത്തില്‍പെട്ട ഒരാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഉച്ചയോടെ മറ്റു രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ടെന്നും യാത്രക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‍തിരുന്നു.
ഇന്നലെ മുതൽ അടുത്ത വെള്ളിയാഴ്ച വരെയാണ് സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായും അസീർ, അൽ ബാഹ, നജ്റാൻ, ജിസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സൂചിപ്പിച്ചിരുന്നു. ഇത്തരം സമയങ്ങളില്‍ ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സിവിൽ ഡിഫൻസ് വിഭാഗം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദുൽ ഹമ്മാദി ആവശ്യപ്പെടുകയും ചെയ്തിരുന്നു.