തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലുമായി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചാണ് ഒരാൾ മരിച്ചത്. വയനാട്ടിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനാണ് മരണം സംഭവിച്ചത്. ഇടുക്കിയിൽ കട്ടപ്പനക്കു സമീപം ഉണ്ടായ അപകടത്തിൽ കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിച്ചാണ് സെബാസ്റ്റ്യൻ മരിച്ചത്. കാറോടിച്ചിരുന്ന പേഴുംകണ്ടം മാടപ്പള്ളിൽ അനുമോന് പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിയിലേക്ക് പോകാൻ സെബാസ്റ്റ്യൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അനു ഓടിച്ചിരുന്ന കാർ സെബാസ്റ്റ്യനെ ഇടിച്ചത്. അപകടത്തിന് ശേഷം അനുവിന്റെ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. സെബാസ്റ്റ്യൻ റോഡരികിലും അനുമോൻ കാറിനടിയിലുമാണ് കിടന്നിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരിച്ചു.
വയനാട് മീനങ്ങാടിയിലാണ് മറ്റൊരു അപകടം നടന്നത്. അപ്പാട് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. അമ്പലവയല്‍ അമ്പലക്കുന്ന് കോളനിയിലെ രഞ്ജിത്താണ് മരിച്ചത്. മൂന്നാനക്കുഴിയിലുള്ള ബന്ധു വീട്ടില്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് മുക്കത്ത് തീയേറ്ററിന് സമീപത്തും മറ്റൊരു അപകടമുണ്ടായി. തിയേറ്റിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണാണ് അപകടം. ഇവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്കാണ് മതിൽ തകർന്ന് വീണത്. മുക്കം അഭിലാഷ് തിയറ്ററിന്‍റെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് അപകടം നടന്നത്. മതില്‍ ഇടിഞ്ഞു വീഴുമ്പോള്‍ സമീപത്ത് ആരുമുണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി.