മൂന്നേമുക്കാല്‍ കോടി മാത്രമുള്ള അഫ്ഗാന്‍ ജനതയുടെ പുതുതലമുറയാണ് ഇത്തരത്തില്‍ പോഷകാഹാര കുറവ് നേരിടുന്നതായി മനുഷ്യാവകാശ സംഘടനകളുടെ പഠനം. കുട്ടികള്‍ മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ന് കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നു പോകുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ടോളോ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. “അന്താരാഷ്ട്രാ മാധ്യമങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാൻ വലിയ തോതിൽ അപ്രത്യക്ഷമായി, എന്നാൽ ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിൽ ഒന്നായി ഇന്നും അത് തുടരുന്നു,” ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന എന്‍ജിയോ ചൂണ്ടിക്കാണിക്കുന്നു.
“രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. ഇതിൽ 8,75,000 കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. സ്ത്രീകളും പെൺകുട്ടികളും ഏറ്റവും കൂടുതൽ അപകടസാധ്യതയിലാണ്.” ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ മാനുഷിക സാഹചര്യം നിർണായകമായി തുടരുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നില്ല എന്നതാണ് എനിക്കുള്ള അധിക വിവരങ്ങൾ,” യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് കൂട്ടിച്ചേര്‍ത്തു. സ്റ്റെഫാന്‍ ചൂണ്ടിക്കാണിച്ചതാണ് പ്രധാന പ്രശ്നമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റ് 15 ന് താലിബാന്‍ അഫ്ഗാന്‍റെ ഭരണം രണ്ടാമതും കൈയടക്കിയതിന് പിന്നാലെ അമേരിക്കയും യൂറോപ്പുമടങ്ങുന്ന വികസിത സഖ്യ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്ഥാന് നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി. ഇതോടെ ഇക്കാര്യത്തില്‍ യുഎന്നിനും കാര്യമായെന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്.