ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സർക്കാറിനെ സംരക്ഷിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും. അവരുടെ അഭിപ്രായങ്ങൾ കൂടി തേടിയതിന് ശേഷം മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജയ്റാം രമേശ് അറിയിച്ചു.
ഹിമാചലിലെ സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഒരു മടിയുമില്ല. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, എ.ഐ.സി.സിയുടെ സംസ്ഥാനത്തെ ചുമതലക്കാരൻ രാജീവ് ശുക്ല എന്നിവരാണ് ഹിമാചലിൽ എത്തിയിരിക്കുന്നത്.
സർക്കാറിനെ സംരക്ഷിക്കുന്നതിനാവും ഇപ്പോൾ പ്രാധാന്യം നൽകുക. അതിന് ശേഷം നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദികളെ കണ്ടെത്തും. സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന കോൺഗ്രസിന്റെ മുതിർന്ന അംഗങ്ങൾ നൽകുന്ന റിപ്പോർട്ട് പഠിച്ചതിന് ശേഷം ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാവുമെന്നും ജയ്റാം രമേശ് പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ആറ് എം.എൽ.എമാർ ക്രോസ് വോട്ടിങ് ചെയ്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാറിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായത്. 40 എം.എൽ.എമാരുടെ പിന്തുണയുണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു.