ന്യൂഡൽഹി: രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി. 11 പ്രതികളിൽ ഒമ്പതു പേരാണ് ഒളിവിൽ പോയത്. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പുര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2008 ജനുവരി 21ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രതികളെ വെറുതെവിട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 15ന് പ്രതികള്‍ ഈ ഗ്രാമത്തിൽ തിരിച്ചെത്തിയിരുന്നു.
പ്രതികളിലൊരാളായ ഗോവിന്ദ് നായ് (55) നിരപരാധിയാണെന്നും ഒരാഴ്ച മുമ്പ് ഗോവിന്ദ് വീട്ടില്‍ നിന്ന് പോയെന്നും പിതാവ് അഖംഭായ് ചതുര്‍ഭായ് റാവല്‍ പറഞ്ഞു. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന കുടുംബമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഖംഭായ് ചതുര്‍ഭായ് റാവലിന്റെ മകന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരൻ ജഷ്വന്ത് നായും കേസില്‍ കുറ്റവാളിയാണ്. ഗോവിന്ദ് ശനിയാഴ്ച വീടുവിട്ടതായി പൊലീസ് പറഞ്ഞു.
മറ്റൊരു കുറ്റവാളിയായ രാധേശ്യാം ഷാ കഴിഞ്ഞ 15 മാസങ്ങളായി വീട്ടിലില്ലെന്നും ഭാര്യയെയും മകനെയും കൂട്ടിയാണ് അയാൾ പോയതെന്നും പിതാവ് ഭഗവാന്‍ദാസ് ഷാ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ചവരെ രാധേശ്യാമുള്‍പ്പെടെ എല്ലാ പ്രതികളെയും ആ പരിസരത്ത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, അടഞ്ഞുകിടക്കുന്ന എല്ലാ വീടുകള്‍ക്കും മുന്നില്‍ സുരക്ഷക്കായി ഒരു പൊലീസ് കോണ്‍സ്റ്റബ്ള്‍ ഉണ്ട്.
മാധ്യമങ്ങള്‍ വരുമെന്നു കരുതിയാണ് ഈ ദിവസം പ്രതികള്‍ മുഴുവന്‍ വീടുകള്‍ പൂട്ടി രക്ഷപ്പെട്ടതെന്നാണ് ഗോവിന്ദ് നായിയുടെ പിതാവ് അഖംഭായ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പരോള്‍ ലഭിച്ച സമയത്തൊന്നും അവര്‍ അത്തരത്തില്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല -അഖംഭായ് പറയുന്നു.
രാജുഭായ് സോണി, കേശാര്‍ഭായ് വോഹാനിയ, ബക്കഭായ് വൊഹാനിയ, ബിപിന്‍ചന്ദ്ര ജോഷി എന്നിവര്‍ ഇപ്പോള്‍ വഡോദരക്കു പുറത്താണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.