അഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാർ പരിപാടിയിൽ ബിജെപി എംപിയോടും എംഎൽഎയോടും വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി. ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. മാർച്ച് 25 ന് നടന്ന പരിപാടിയിലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് പങ്കെടുത്തത്.
ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് വേദിയിൽ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. ചടങ്ങിൽ അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഇരുനേതാക്കളും ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം ചർച്ചയായതോടെ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല.
അതേസമയം, പ്രതികളുടെ മോചനത്തിനെതിരെ സുപ്രീം കോടതിയിൽ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കും. 2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.
ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.