ആലപ്പുഴ: ഭവനഭേദനക്കവര്‍ച്ച കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍. ചെറിയനാട് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് പ്രവേശിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റിലായത്. വെണ്മണി പൊലീസ് 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കൊല്ലം കൂന്നത്തൂര്‍ പരപ്പാടിയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് കുമാര്‍ (42) ആണ് പിടിയിലായത്.
ഇയാളോടൊപ്പം കവര്‍ച്ചയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിനു ശേഷം പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു സന്തോഷ് കുമാര്‍. 2013ല്‍ ഈ കവര്‍ച്ചാ സംഘം ചെങ്ങന്നൂര്‍, മാവേലിക്കര, നൂറനാട്, വെണ്മണി പ്രദേശത്ത് നിരവധി ഭവനഭേദനങ്ങള്‍ നടത്തി കവര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ പ്രതി സന്തോഷ് കുമാര്‍ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. വെണ്മണി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘം പ്രതിക്ക് വേണ്ടി ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വളരെ നാളുകളായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
ഇതിനൊടുവിലാണ് ഇടുക്കി ജില്ലയിലെ പീരുമേട് പാഞ്ചാലിമേട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന സന്തോഷിനെ വലയിലാക്കാന്‍ കഴിഞ്ഞത്. വെണ്മണി എസ്എച്ച്ഒ എ നസീറിന്റെ നേതൃത്വത്തില്‍ എസ് ഐ ആന്‍റണി, സീനിയര്‍ സിപിഒ അഭിലാഷ്, സിപിഒമാരായ ഗിരീഷ് ലാല്‍, ജയരാജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ വിട്ടു.