തിരുചിറപ്പള്ളി: തമിഴ്നാട് തിരുചിറപ്പള്ളിയിൽ കോളിളക്കം ഉണ്ടാക്കിയ രാമജയം കൊലക്കേസിൽ ആരോപണവിധേയൻ ആയിരുന്ന വ്യവസായി പ്രഭു പ്രഭാകരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഓഫിസിൽ വച്ച് 4 അംഗ സംഘം ഇയാളെ വെട്ടികൊല്ലുകയായിരുന്നു. ഓഫീസിൽ വച്ച് സുഹൃത്തുക്കക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എൻ.നെഹ്‌റുവിന്റെ സഹോദരനും വ്യവസായിയും ആയ രാമജയത്തെ 2012 മാർച്ചിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.
സിബിഐ അടക്കം അന്വേഷിച്ചിട്ടും കേസിൽ പ്രതികളെ കണ്ടെത്താൻ ആയിരുന്നില്ല. ഈ കേസിൽ പ്രഭുവിനെ ചോദ്യം ചെയ്യാൻ ഇരിക്കെയാണ് കൊലപാതകം. കാർ വിൽപന മേഖലയിലാണ് പ്രഭാകരന്‍ പ്രവർത്തിക്കുന്നത്. നേരത്തെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പ്രഭാകരനെ ചോദ്യം ചെയ്തിരുന്നു. പ്രഭാകരന്റെ ഓഫീസിലേക്ക് എത്തിയവരെ കണ്ടെത്താനായി സിസിടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സാക്ഷികൾ വിശദമാക്കുന്നത്. രാമജയത്തിന്റെ കൊലപാതക കേസിലെ കാർ പ്രഭാകരന്റെ പക്കഷ നിന്ന് വാങ്ങിയതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിനാലാണ് ഇയാളെ ചോദ്യം ചെയ്തത്.
ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ കെ എന്‍ നെഹ്രുവിന്റെ സഹോദരന്‍ 2012 മാർച്ച് 29നാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളിയിലെ നദീ തീരത്ത് കൈകാലുകൾ ടേപ്പുകൊണ്ട് ബന്ധിച്ച കൊല്ലപ്പെട്ട നിലയിലാണ് രാമജയത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെ രാമജയം കൊലക്കേസിൽ വഴിത്തിരിവ് കണ്ടെത്തിയതായി സംസ്ഥാന പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ അന്വേഷണം മദ്രാസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടിരുന്നു. 51 കാരനായ പ്രഭാകരന്റെ മരണത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിഷ രണ്ട് പേർ റൌഡി ലിസ്റ്റിലുള്ളയാളുകളാണ്. സെക്കൻഡ് ഹാന്‍ഡ് കാറുകളുടെ വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് പ്രഭാകരനെതിരെ ചുമത്തിയിട്ടുള്ളത്.