ഇടുക്കി: പണം നിക്ഷേപിച്ചാൽ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. പത്തര മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിപ്പിച്ചു നൽകാമെന്ന വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെന്ന പരാതിയിൽ 2 വനിതകൾ ഉൾപ്പടെ 4 പേരാണ് അറസ്റ്റിലായത്. അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയിൽ സരിത എൽദോസ് ( 29 ), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമള കുമാരി പുഷ്കരൻ ( സുജ – 55 ), ജയകുമാർ ( 42 ), വിമൽ പുഷ്കരൻ ( 29 ) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി, ഇരുന്നൂറേക്കർ മേഖലയിൽ 5 പേരിൽ നിന്നാണ് സംഘം 20 ലക്ഷം തട്ടിയത്. ഓൺ ലൈൻ ആപ്പ് വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. തുടക്കത്തിൽ പണം നിക്ഷേപിച്ചവർക്ക് പത്തര മാസം കൊണ്ട് തുക ഇരട്ടിപ്പിച്ചു നൽകി നിക്ഷേപകരുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്. അടിമാലിയിൽ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് അടിമാലി മേഖലയിൽ നിന്നുള്ളവരിൽ നിന്ന് പണം വാങ്ങി സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറിയത്. സംഘത്തിലെ മറ്റ് 3 അംഗങ്ങൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ജയകുമാർ സമാന സ്വഭാവമുള്ള മറ്റു തട്ടിപ്പിലും പ്രതിയാണെന്നാണ് സൂചന.
ആഡംബര വീട്, കാർ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ആർഭാട ജീവിതമാണ് പ്രതികൾ നയിച്ചുവന്നിരുന്നത്. പണം നിക്ഷേച്ചവർ വഞ്ചിതരായതോടെ 2 മാസം മുൻപ് അടിമാലി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. എന്നാൽ അടുത്ത നാളിൽ ഇടുക്കി സബ് ഡിവിഷനിൽ എ എസ് പിയായി നിയമിതനായ രാജ് പ്രസാദിന്‍റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ അബ്ദുൽ ഖനി, ടി പി ജൂഡി, ടി എം നൗഷാദ് എ എസ് ഐ അബ്ബാസ് ടി എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.