കണ്ണൂർ∙ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്ത കേസിലെ പ്രതി ശ്യാംജിത്തിനെ രണ്ടാഴ്ചത്തേക്ക്് റിമാൻഡ് ചെയ്തു. തളിപ്പറമ്പ് കോടതിയുടേതാണ് നടപടി. പ്രണയപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.ഞായറാഴ്ച 11.30ന് ആണ് സംഭവം നടന്നത്. അച്ഛമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സമീപത്തെ ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ വീട്ടിലെത്തിയപ്പോഴാണു സംഭവം. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ, ബന്ധുവായ യുവതി വന്നു നോക്കിയപ്പോഴാണു വിവരമറിഞ്ഞത്. കിടക്കയിൽ കഴുത്തറ്റു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടു കൈകളിലും കാലിന്റെ പിൻഭാഗത്തും വെട്ടേറ്റിരുന്നു.
ആഴമേറിയ മുറിവുകളാണ് വിഷ്ണുപ്രിയയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്ത് 75 ശതമാനം അറ്റ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട്. നെഞ്ചിലും കാലിലും കയ്യിലുമേറ്റ മുറിവുകളും ആഴമേറിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്നു ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടിയായിരുന്നുവെന്നും അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.