ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ എഴുതാറുള്ളത്. ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായതിനാൽ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമാണ് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിൽ തന്നെ ചുരുക്കമാളുകൾക്ക് മാത്രമേ ഡ്രീം കരിയർ ആയ ഐ.എ.എസ് ലഭിക്കാറുള്ളൂ. ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടുന്ന മിടുക്കരും അപൂർവമാണ്. അങ്ങനെയൊരാളാണ് രുക്മിണി റിയാർ ഐ.എ.എസ്. യു.പി.എസ്.സി പരീക്ഷയിൽ ആദ്യശ്രമത്തിൽ തന്നെ രണ്ടാംറാങ്കാണ് രുക്മിണി സ്വന്തമാക്കിയത്.
സ്കൂൾ കാലത്ത് അതിസമർഥയായ വിദ്യാർഥിയൊന്നുമായിരുന്നില്ല രുക്മിണി. ആറാംക്ലാസിൽ പരാജയപ്പെട്ട ഒരാളാണ് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയതെന്ന് കേട്ടാൽ അദ്ഭുതം തോന്നുന്നത് സ്വാഭാവികം. ഡൽഹൗസിലെ സ്കൂളിലായിരുന്നു പഠനം. സ്കൂൾ പഠന ശേഷം അമൃത്സറിലെ ഗുരു നാനാക് യൂനിവേഴ്സിറ്റിയിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടി. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പോസ്റ്റ് ഗ്രാജ്വേഷൻ പഠനം.
പി.ജി പഠനത്തിനു ശേഷം വിവിധ എൻ.ജി.ഒകളിൽ ജോലി നോക്കി. ആ കാലത്താണ് സിവിൽ സർവീസിലേക്ക് ആകർഷണം തോന്നിയത്. അങ്ങനെ പരീക്ഷയെഴുതാൻ രുക്മിണി തയാറെടുപ്പുകൾ നടത്തി.
2011ൽ ആദ്യ ശ്രമത്തിൽ തന്നെ രണ്ടാംറാങ്കും കൂടെ പോന്നു. ഒരു കോച്ചിങ് സെന്ററിലും പോകാതെ സ്വന്തം നിലക്ക് പഠിച്ചാണ് രുക്മിണി ഈ നേട്ടം കരസ്ഥമാക്കിയത്. ആറ് മുതൽ 12 വരെ ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ മനസിരുത്തി പഠിച്ചതാണ് പ്രധാന വിജയരഹസ്യം. പത്രങ്ങളും മാഗസിനുകളും പതിവായി വായിച്ചു.
പരാജയത്തിൽ നിന്ന് വലിയ പാഠം ഉൾക്കൊണ്ട് മുന്നേറിയ രുക്മിണി മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് മാതൃകയാണ്. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയം ഉറപ്പാണ് എന്നതിന് മികച്ച ഉദാഹരമാണ് ഈ ഐ.എ.എസുകാരി. പഞ്ചാബിലാണ് രുക്മിണി ജനിച്ചത്. റിട്ട. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോണിയായ ബൽജിന്ദർ സിങ് റിയാർ ആണ് പിതാവ്. വീട്ടമ്മയായ തക്ദീർ കൗർ മാതാവും.












