തിരുവനന്തപുരം: സോളർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിച്ചിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിഎസ് 14.89 ലക്ഷം രൂപ കെട്ടിവെയ്ക്കുകയോ തത്തുല്യമായ ജാമ്യം നൽകുകയോ വേണമെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധി വച്ചു.
ഇതേത്തുടർന്നാണ് അരുൺ കുമാർ ജാമ്യ ബോണ്ട് ഹാജരാക്കിയത്. സ്റ്റേ അനുവദിക്കാൻ നഷ്ടപരിഹാരവും പലിശയും ഉൾപ്പെട്ട തുക കെട്ടിവയ്ക്കണമെന്ന ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ എ. സന്തോഷ് കുമാറിന്റെ വാദമാണു കോടതി അംഗീകരിച്ചത്. ഐഎച്ച്ആർഡി അഡീഷനൽ ഡയറക്ടർ എന്ന നിലയിലുളള ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയ അരുൺ, കോടതി എത്ര രൂപ നിശ്ചയിച്ചാലും അടയ്ക്കാമെന്നും വേണമെങ്കിൽ ശമ്പളത്തിൽ നിന്നു പിടിക്കാമെന്നും സത്യവാങ്മൂലവും നൽകി. മകൻ അരുൺകുമാറിന്റെ ജാമ്യബോണ്ട് ഹാജരാക്കുന്നതായി വിഎസും കോടതിയെ അറിയിച്ചിട്ടുണ്ട്. വിഎസ് നൽകിയ അപ്പീൽ ഹർജിയിലാണു നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ കോടതി സ്റ്റേ ചെയ്തത്.
2013ൽ ചാനൽ അഭിമുഖത്തിൽ വിഎസ് നടത്തിയ ആരോപണത്തിനെതിരായാണു നഷ്ടപരിഹാരം നൽകാൻ സബ് കോടതി വിധിച്ചത്. 6% പലിശയും വിഎസ് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേർന്നു സോളർ തട്ടിപ്പു നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം.