പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. മണ്ണാർക്കാട് എസ്‍സി എസ്‍ടി വിചാരണക്കോടതിയിൽ ഹർജി നൽകി. എട്ട് പേർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. മുമ്പ് കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മുപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെ ദിവസങ്ങള്‍ക്ക് മുമ്പ് പുനർ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
മുമ്പ് ജൂലൈ 29 ന് കാളിയേയും ജൂലൈ 30 ന് കക്കിയേയും വിസ്തരിച്ചിരുന്നു. അന്ന് ഇരുവരും കൂറുമാറിയവരാണ്. പൊലീസിന് കൊടുത്ത മൊഴിയാണ് ഇരുവരും അന്ന് തിരുത്തിയത്. ഇതോടെ കൂറുമാറിയവരായി പ്രഖ്യാപിച്ചു. എന്നാല്‍ ഇരുവരേയും പുനർവിസ്താരം ചെയ്തപ്പോൾ കഥമാറി. പത്തൊമ്പതാം സാക്ഷി കക്കി കൂറുമാറ്റത്തിന്‍റെ കഥ പറഞ്ഞു. വിസ്താരത്തിന് വിളിപ്പിച്ച സമയത്ത് പ്രതികൾ ജാമ്യത്തിലായിരുന്നു. എല്ലാ പ്രതികളും നാട്ടുകാരാണ്. അവരെ ഭയന്നാണ് അന്ന് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.
കോടതിയിൽ കള്ളം പറയുന്നത് തെറ്റല്ലേ എന്ന് ജഡ്ജ് ചോദിച്ചപ്പോൾ, കക്കി ക്ഷമ ചോദിച്ചു. പിന്നാലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ മധുവിനെ പിടിച്ച് കൊണ്ടുവരുന്നത് കണ്ടെന്നും, രണ്ടാം പ്രതിയോട് മധു അജമലയിൽ ഉണ്ടെന്ന കാര്യം പങ്കുവെച്ചതൊക്കെ കോടതിയിൽ സമ്മതിച്ചു. പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു.