ന്യൂഡൽഹി : സിമന്റ് അടക്കമുള്ള നിർമാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാനും കേന്ദ്ര നടപടി. സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു നീക്കം. വളത്തിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സബ്സിഡിക്കായി ബജറ്റിൽ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ 1.10 ലക്ഷം കോടി കൂടി അനുവദിച്ചു.
ആഭ്യന്തര സ്റ്റീൽ ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ മൂന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി. രണ്ടെണ്ണത്തിന് 2.5%, ഒരെണ്ണത്തിന് 5% എന്നിങ്ങനെയായിരുന്നു നിരക്ക്. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് 3 വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. നികുതിയില്ലാതിരുന്ന 11 അസംസ്കൃത വസ്തുക്കൾക്ക് 15% കയറ്റുമതി നികുതി ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര വിപണിയിൽ ഇരുമ്പയിര്, സ്റ്റീൽ ലഭ്യത കൂട്ടാനാണിത്. ഇരുമ്പയിര് പെല്ലറ്റുകൾക്കു 45% നികുതി ചുമത്തി.