റാഞ്ചി: കള്ള ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേൽ ശനിയാഴ്ച റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങി.
സീനിയർ ഡിവിഷൻ ജഡ്ജി ഡിഎൻ ശുക്ല അമീഷയ്ക്ക് കേസില്‍ ജാമ്യം അനുവദിക്കുകയും ജൂൺ 21 ന് വീണ്ടും കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
2018ലാണ് ജാർഖണ്ഡിലെ ചലച്ചിത്ര നിർമ്മാതാവ് അജയ് കുമാർ സിംഗ് നടിക്കെതിരെ കള്ളചെക്ക് നല്‍കി വഞ്ചിച്ചുവെന്ന കേസ് നല്‍കിയത്. കേസില്‍ കോടതി അമീഷയ്ക്ക് പലതവണ ഹാജറാകുവാന്‍ സമയന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അമീഷ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ആറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്നാണ് അമീഷ പട്ടേല്‍ നേരിട്ടെത്തി കീഴടങ്ങിയത്.
ദേശി മാജിക് എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് അജയ് കുമാർ സിംഗ് 2.5 കോടി രൂപ അമീഷ പട്ടേലിന് ബാങ്ക് അക്കൌണ്ട് വഴി കൈമാറിയിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രം നടന്നില്ല. തുടര്‍ന്ന് നിര്‍മ്മാതാവ് ഈ പണം തിരിച്ചു ചോദിച്ചു. അപ്പോള്‍ ചെക്കായാണ് നടി പണം നല്‍കിയത്. എന്നാല്‍ 2.50 കോടി രൂപയുടെ ചെക്ക് മടങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതാവ് കോടതിയെ സമീപിച്ചത്. ജാർഖണ്ഡിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസുമായി ബന്ധപ്പെട്ട് അമീഷ പട്ടേലിനെതിരായ വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നീ കുറ്റങ്ങൾക്കുള്ള ക്രിമിനൽ നടപടികൾ 2022 ഓഗസ്റ്റിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ സെക്ഷൻ 138 (ചെക്ക് മടങ്ങിയത്) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്കുള്ള നടപടികൾ തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു.
തനിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് റാഞ്ചിയിലെ വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ജാർഖണ്ഡ് ഹൈക്കോടതിയുടെ 2022 മെയ് 5 ലെ ഉത്തരവിനെതിരെയാണ് അമീഷ പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സണ്ണി ഡിയോളിനൊപ്പെ അമീഷ അഭിനയിക്കുന്ന ‘ഗദർ 2’ റിലീസിന് ഒരുങ്ങവെയാണ് അമീഷയുടെ ചെക്ക് കേസിലെ കീഴടങ്ങൽ വാർത്ത വരുന്നത്. ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന അമീഷയുടെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ‘ഗദർ 2’.