ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാർക്ക് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന്റെ വക്കീൽ നോട്ടീസ്. ധനുഷിന്റെ അഭിഭാഷകൻ അഡ്വ. എസ്. ഹാജ മൊയ്തീനാണ് നോട്ടീസയച്ചത്. തനിക്കെതിരായ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പിൻമാറാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നാണ് മധുര സ്വദേശികളായ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറയണമെന്നും ദമ്പതിമാർ വാർത്ത കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ധനുഷ് തങ്ങളുടെ മകനാണെന്നും മധുരയിലെ സർക്കാർ ആശുപത്രിയിലാണ് ജനിച്ചതെന്നും അവകാശപ്പെട്ടായിരുന്നു റിട്ട. സർക്കാർ ബസ് കണ്ടക്ടർ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. ദൈനംദിന ചെലവുകൾക്ക് പണം നൽകാൻ നടൻ തയാറാവുന്നില്ലെന്നും നിരവധി തവണ ശ്രമിച്ചിട്ടും തങ്ങളെ കാണാൻ തയാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ലഭ്യമാക്കാൻ കോടതി ഇടപെടണമെന്നുമാണ് ദമ്പതികൾ കോടതിയിൽ നൽകിയ പ്രാഥമിക ഹരജിയിൽ ആവശ്യപ്പെട്ടത്.
കോടതി സമൻസ് അയച്ചതിനെ തുടർന്നാണ് നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്.ധനുഷിന്റെ തിരിച്ചറിയൽ അടയാളത്തിന്റെ മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് ഏപ്രിൽ 22ന് കേസ് കോടതി റദ്ദാക്കിയിരുന്നു.