കൊച്ചി: നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തതെന്നും നടൻ ജയസൂര്യയുടെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ്. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന കാർഷകോത്സവത്തിൽ ജയസൂര്യ പറഞ്ഞതിനെ തിരുത്തിയാണ് കൃഷ്ണപ്രസാദ് രംഗത്തുവന്നത്. ‘സപ്ലൈക്കോക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.
എന്നാൽ, ആയിരക്കണക്കിന് പേർക്ക് പണം കിട്ടിയപ്പോൾ തനിക്കും കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് നെൽകർഷകരുടെ വേദന മാറുമോ എന്നും കൃഷ്ണപ്രസാദ് ചോദിച്ചു. ‘ഞാൻ കൃഷിക്കാരുടെ പലസമരത്തിലും പങ്കെടുത്തിട്ടുണ്ട്. എന്റെ രാഷ്ട്രീയം എവിടെയും കൂട്ടിക്കലർത്തിയിട്ടില്ല. അങ്ങനെയെങ്കിൽ ആ രാഷ്ട്രീയ പാർട്ടിയുടെ കർഷക സംഘടനയിലല്ലേ പ്രവർത്തിക്കേണ്ടത്? ഞാൻ അതുമായിട്ടൊന്നും ബന്ധപ്പെട്ടിട്ടില്ല. എന്റെ നെൽ കർഷക സമിതിയിൽ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. അവരൊക്കെ മണ്ടൻമാരാണോ? എനിക്കല്ല പണം കിട്ടേണ്ടത്. കൃഷ്ണപ്രസാദിന് പണം കിട്ടിയാൽ നെൽകർഷകരുടെ വേദന മാറുമോ? ആയിരക്കണക്കിന് പേർക്ക് കിട്ടിയപ്പോൾ എനിക്കും കിട്ടിയതാണ്. തനിക്ക് പണം കിട്ടാത്തതിനല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്’ -കൃഷ്ണപ്രസാദ് പറഞ്ഞു.
ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രംഗത്തെത്തിയിരുന്നു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.പി രാഷ്ട്രീയമുള്ളയാളാണെന്നും അയാൾക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീർത്തെന്നും മന്ത്രി പറഞ്ഞു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പ്രസ്താവനയുടെ വസ്തുത മനസ്സിലാക്കാതെയാണ് ജയസൂര്യ പ്രതികരിച്ചത് -മന്ത്രി പറഞ്ഞു.
‘ജയസൂര്യയുടെ സുഹൃത്തും സിനിമ-സീരിയല്‍ നടനുമായ കൃഷ്ണപ്രസാദില്‍നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കിയിട്ടില്ലെന്നും അത് ലഭിക്കാൻ തിരുവോണ ദിവസം ഉപവാസമിരിക്കുന്നെന്നുമാണ് ജയസൂര്യ പറഞ്ഞത്. ഇത് വാസ്തവവിരുദ്ധമാണ്. കൃഷ്ണപ്രസാദ് കോട്ടയം പായിപ്പാട് കൃഷിഭവന് കീഴില്‍ കൊല്ലാത്ത് ചാത്തന്‍കേരി പാടശേഖരത്തെ 1.87 ഏക്കര്‍ ഭൂമിയില്‍ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചിരുന്നു. അതിന്റെ വില 1.57 ലക്ഷം രൂപ ജൂലൈയില്‍ എസ്.ബി.ഐ വഴി പി.ആര്‍.എസ് വായ്പയായി നല്‍കി.
2022-23 സീസണില്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഇതില്‍ 1817.71 കോടി രൂപ വിതരണം ചെയ്തു. 50,000 രൂപ വരെ നെല്ലിന്റെ വില നല്‍കേണ്ട കര്‍ഷകര്‍ക്ക് പൂർണമായും ബാക്കി കര്‍ഷകര്‍ക്ക് വിലയുടെ 28 ശതമാനവും ഓണത്തിന് മുമ്പ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിരുന്നു. ബാക്കി 253 കോടി രൂപ പി.ആര്‍.എസ് വായ്പയായി വിതരണം ചെയ്യാൻ എസ്.ബി.ഐ, കാനറ ബാങ്കുകളുമായി ധാരണപത്രം ഒപ്പിടുകയും വിതരണം ആഗസ്റ്റ് 24ന് ആരംഭിക്കുകയും ചെയ്തു’ -മന്ത്രി വ്യക്തമാക്കി.
ജയസൂര്യയുടെ വിമർശനത്തിന് അതേവേദിയിൽ മന്ത്രി പി. രാജീവ് മറുപടി നൽകിയിരുന്നു. കർഷകരിൽനിന്ന് നെല്ല് വാങ്ങിയത് റേഷൻ സംവിധാനത്തിന് വേണ്ടിയാണെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പണം നൽകാത്തതാണ് കർഷകരുടെ ദുരിതത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കിലോക്ക് 20.40 രൂപ കേന്ദ്ര സർക്കാറാണ് കർഷകർക്ക് കൊടുക്കുന്നത്. ഇത് പോരെന്ന് മനസ്സിലാക്കിയ സംസ്ഥാന സർക്കാർ 7.80 രൂപ അധികമായി നൽകുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക വൈകുന്നതിനാൽ പലപ്പോഴും കേരളം ആ തുക കൂടി കടം എടുത്താണ് കർഷകർക്ക് നൽകുന്നത്. നമ്മുടെ 7.80രൂപക്ക് പുറമേ കേന്ദ്രത്തിന്റെ 20.40 രൂപ കൂടി കൂട്ടി സംസ്ഥാനം വായ്പയെടുത്തു കൊടുക്കുന്നു. എന്നാൽ, ഇത്തവണ വായ്പയെടുക്കാനുള്ള ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം അൽപം ൈവകി. എങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ പൈസക്ക് കാത്തുനിൽക്കാെത 2200 കോടി കർഷകർക്ക് വിതരണം ചെയ്തു. ഓണം കണക്കിലെടുത്ത് കേരളത്തിന്റെ വിഹിതമായ 7.80 രൂപ എല്ലാ കർഷകർക്കും നൽകിയിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.