സിനിമ മനുഷ്യനെ വഴി തെറ്റിക്കുന്നുവെന്ന വിമർശനം തള്ളി നടൻ മമ്മൂട്ടി. സിനിമ ഉണ്ടാകുന്നതിന് മുൻപെ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ കണ്ട് ആളുകൾ ചീത്തയാകുക എന്നത് അപൂർവമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. റോഷാക്ക് സിനിമയുടെ വിജയാഘോഷ വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു മമ്മൂട്ടി.
“എല്ലാ മനുഷ്യനിലും നന്മയും തിന്മയും ഇല്ലേ? നമ്മളാരും എല്ലാം തികഞ്ഞ മനുഷ്യരല്ല, നമ്മൾ കാണാത്ത ഒരുപാട് തിന്മകൾ നമ്മളിലെല്ലാവരിലുമുണ്ട്. നാട്ടില്‍ നടന്ന ഏറ്റവും പുതിയ ക്രൈമിൽ കണ്ടുപിടിക്കപ്പെട്ട ഒരാൾ സര്‍വസമ്മതനായ, എല്ലാവരാലും ഇഷ്ടപ്പെടുന്ന, ആർക്കും സംശയം തോന്നാത്ത, സൗമ്യനായ ഒരാളാണ്. അയാൾ ഇങ്ങനെയൊരു ക്രൈം ചെയ്തെന്ന് എങ്ങനെ വിശ്വസിക്കും. സിനിമ ഉണ്ടാകുന്നതിനുമുമ്പേ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടായിരുന്നു. സിനിമ ഉണ്ടായിട്ട് നൂറോ നൂറ്റമ്പതോ വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മനുഷ്യരാശി അതിനൊക്കെ മുമ്പേ ഉണ്ട്. സിനിമ കണ്ട് ആളുകൾ ചീത്തയാകുക എന്ന് പറയുന്നത് അപൂർവമാണ്”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.