ചെന്നൈ : നടി തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസെടുത്ത പോലീസ് സ്റ്റേഷനെ കുറിച്ചുളള വിവരങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തെറ്റായാണ് നൽകിയിരുന്നത്. ഇതോടെ കോടതി തമാശയ്ക്കുള്ള ഇടമല്ലെന്നും വെറുതെ സമയം കളയരുതെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചതിനു പിന്നാലെ മൻസൂർ അലി ഖാൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നൽകിയിരുന്നുവെങ്കിലും ഹർജി പിൻവലിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, പരാമർശത്തിൽ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.