കൊച്ചി : നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ പുറത്താക്കുകയായിരുന്നു. നേരത്തെ പിതാവും നടനുമായ തിലകനേയും അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അതേസമയം, യുവനടിയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ വിജയ് ബാബുതാരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു. ഈ വിഷയം ഇന്ന്ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിജയ് ബാബു നാടകീയമായി എത്തിയത്.
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്. യുവനടിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച വിജയ് ബാബു യോഗത്തിനെത്തി. നിലവില്‍ അമ്മയില്‍ അംഗമായ വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും തുടര്‍ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നിരിക്കെയാണ് യോഗത്തിലെ വിജയ് ബാബുവിന്റെ സാന്നിധ്യം. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍, മാല പാര്‍വതി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.
ഇതില്‍ ശ്വേത മേനോനും, കുക്കു പരമേശ്വരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. നടന്‍ ഹരീഷ് പേരടിയുടെ രാജിയും ചര്‍ച്ചയ്‌ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.