കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിച്ചിട്ടാണ് സൂര്യ പോയത്. നിര്‍മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദീഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ ട്വിറ്റര്‍ കുറിച്ചത്. ഫ്രണ്ട്‌സ് എന്ന സിനിമ പല കാരണങ്ങളാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നുവെന്നും സൂര്യ കുറിച്ചു.
”ഒരു സീനില്‍ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാന്‍ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദീഖ് സര്‍. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അപ്പോള്‍ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഫ്രണ്ട്‌സ് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റില്‍ ഒന്നു ശബ്ദം ഉയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയില്‍ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാന്‍ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേര്‍പാടില്‍ മനസ്സുതകര്‍ന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. അങ്ങയുടെ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ജീവിതത്തില്‍ നിലനിര്‍ത്തും.”-സൂര്യ പറഞ്ഞു.