ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു. ‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വീഡിയോയിൽ പറഞ്ഞത്. മലയാളികളുടെ പ്രിയതാരമാണ് വിനായകൻ. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലാണ് ആദ്യമായി അഭിനിയിച്ചത്. എ.കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന്‍ സ്വന്തമാക്കിയിരുന്നു.
രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് സംവിധാനം.