കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ശേഷം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.
അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധം പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മുമ്പ് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്നും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്നുമാണ് കാവ്യ മറുപടി നൽകിയത്.
അതേസമയം, കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. നേരത്തെ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണിൽ നിന്നും തിരിച്ചെടുത്ത ശബ്ദസംഭാക്ഷണങ്ങളും മെസേജുകളും പരിശോധിക്കാൻ അഞ്ച് അംഗ ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തി. അറുനൂറിലധികം വരുന്ന ശബ്‌ദ സന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്.