കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പോലീസ്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. കഴിഞ്ഞ ദിവസം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടൻ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് ഗൂഡാലോചനയിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമർപ്പിച്ച തെളിവുകളുമായി ചേർന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പോലീസ് പറയുന്നു.
ദിലീപ് ദൃശ്യങ്ങൾ കണ്ടുവെങ്കിൽ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ പോലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങൾ ഇപ്പോൾ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പിൽ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങൾ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. കോടതി ഹർജി പരിഗണിച്ചിട്ടില്ല. മുമ്പ് കുറ്റപത്രം നൽകുമ്പോൾ തന്നെ തുടരന്വേഷണത്തിന് സഹായമായ പുതിയ തെളിവുകൾ കിട്ടിയാൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും ഈ വിവരം കോടതിയെ അറിയിക്കുകയാണ് ചെയ്തെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.




















