കൊച്ചി : നടിയെ അക്രമിച്ച കേസ് (Actress Attack Case) മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറപ്പ് ക്രൈംബ്രാഞ്ച്. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു. ക്രൈബ്രാഞ്ച് ആവശ്യം നേരത്തെ വിചാരണ കോടതി നിരസിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
അതേസമയം, കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന എട്ടാ൦ പ്രതിയായ ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ല൦ഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപണ൦. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ ആരേപിക്കുന്ന സമയം ദിലീപ് ജയിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നു൦ പ്രതിഭാഗ൦ വാദിക്കുന്നു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് കോടതിയിൽ തള്ളിയിരുന്നു.