കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.
ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്ത ഉടൻ പ്രതികൾ മൊബൈൽ ഫോണുകൾ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ രണ്ട് ഫോണ് , അനുപിന്റെ രണ്ട് ഫോൺ സുരാജിന്റെ ഒരു ഫോൺ എന്നിവയാണ് മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് സംശയം. ഫോൺ പരിശോധിച്ച് കേസിലെ നിർണായക തെളിവ് കണ്ടെത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. ഇതിനായി പ്രതികൾ മാറ്റിയ ഫോണുകൾ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഇടയിലാണ് പ്രതികൾക്ക് നോട്ടീസ് കൈമാറിയത്.