കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തിനെതിരെ പരാതിയുമായി എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകൻ. അന്വേഷകസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. അന്വേഷകസംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അഭിഭാഷകർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നിൽ എഡിജിപി എസ് ശ്രീജിത്താണെന്നും ആറ് പേജുള്ള പരാതിയിൽ ആരോപിച്ചു.
ദിലീപിന്റെ അഭിഭാഷകരായ അഡ്വ രാമൻപിള്ളയ്ക്കും തനിക്കുമെതിരെ അന്വേഷകസംഘം അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ് ശങ്കറെ ഉപയോഗിക്കുന്നു. ചില മാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നതും ശ്രീജിത്താണ്. എഡിജിപിയുടെയും ബൈജു പൗലോസിന്റെയും നിർദേശപ്രകാരമാണ് സായ് ശങ്കർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. ഒരു ദൃശ്യ മാധ്യമത്തിന്റെയും ഒരു ഓൺലൈൻ മാധ്യമത്തിന്റെയും പേര് പരാതിയിലുണ്ട്. ചില ഓഡിയോ ഫയലുകളിൽ കൃത്രിമം കാണിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുപിന്നിൽ അന്വേഷകസംഘമാണെന്നും പരാതിയിൽ ആരോപിച്ചു.