കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ശ്രമിക്കുന്നതെന്ന് ദിലീപ്്. കേസ് അന്വേഷണത്തിന്റെ സമയപരിധി നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉന്നയിച്ചത്. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.
ബൈജു പൗലോസിനെ വിസ്തരിക്കുന്നതിനു തൊട്ടുമുമ്പാണ് തുടരന്വേഷണം ആരംഭിച്ചതെന്നും പ്രോസിക്യൂഷൻ ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. കോടതി വിഡിയോ പരിശോധിച്ചു എന്നാണ് ആരോപണം. പരിശോധിച്ചെങ്കിൽ എന്താണ് തെറ്റ്. നടപടിക്രമങ്ങളുടെ ഭാഗമായി വിഡിയോ മാത്രമല്ല ഏത് രേഖയും പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട്. കോടതി വിഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല. ഈ വിഷയത്തിൽ കേസെടുക്കാൻ അധികാരം കോടതിക്ക് മാത്രമാണ്.
2022 ഫെബ്രുവരി വരെ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പ്രോസിക്യൂഷൻ അറിഞ്ഞില്ല. ഹാഷ് വാല്യൂ മാറി എന്നറിഞ്ഞു മൂന്നു വർഷത്തിന് ശേഷമാണ് ആരോപണവുമായി വരുന്നതെന്നും ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നു ദിലീപ് ആവർത്തിച്ചു. പകരം അഭിഭാഷകന്റെ നോട്ട് ആണ് ദൃശ്യത്തിന്റെ വിവരണം എന്നു പൊലീസ് പറയുന്നത്. കേസിന്റെ അന്വേഷണ സമയം നീട്ടി നൽകരുതെന്നും ദിലീപ് കോടതിയോട് അഭ്യർഥിച്ചു.