കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഏഴ് മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി. തുടരന്വേഷണത്തിൽ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഉത്തരം നൽകേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഈ ദൃശ്യം ദിലീപിന്‍റെ കൈവശമെത്തിയിട്ടുണ്ടോ എന്നതാണ് ഇതിൽ ആദ്യത്തേത്.
വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നതാണ് രണ്ടാമതായി അറിയാനുള്ളത്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിന്‍റെ അഭിഭാഷകർ കൂറ്മാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് ആവർത്തികുന്ന ദിലീപ് എന്തിനാണ് സാക്ഷികളെ സ്വീധീനിക്കുന്നതെന്നതാണ് ചോദ്യം.
മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് വിചാരണ കോടതിയെ അറിയിച്ചത്. എന്നാൽ ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്‍റെ വീട്ട് ജോലിക്കാരൻ ദാസനും ഇത് സംബന്ധിച്ച നിർണ്ണായക മൊഴി നൽകി. ഇതൊടൊപ്പം ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിലെ നിർണ്ണായക രേഖകളാണ് ഇക്കാര്യത്തിലും ദിലീപ് നേരത്തെ നൽകിയ മൊഴികളിൽ നിന്ന് വിഭിന്നമായ കണ്ടെത്തലുകളാണുള്ളത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചിരുന്നില്ല. നടിയെ ആക്രമിച്ച കേസിലും നിയമോപദേശം തേടിയാകും ദിലീപ് എത്തുക എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസിൽ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ പരമാവധി വിവരങ്ങൾ ശേഖരിച്ച് വിട്ടയക്കുകയാകും അന്വേഷണ സംഘം ചെയ്യുക.
ഇതിനിടെ വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആയിരിക്കും കേസ് പരിഗണിക്കുക. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്. വധ ഗൂഢാലോചന കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചിരുന്നു.